കോവിഡ്

                                
  തിങ്കളാഴ്ച രാവിലെ എഴുന്നേൽക്കുമ്പോൾ മൂന്ന് ദിവസത്തെ അവധിയുടെ ആലസ്യം അപ്പുവിനെ കീഴടക്കിയിരുന്നു. അപ്രതീക്ഷിതമായി ഒരു വെള്ളിയാഴ്ച കൂടെ അവധി കിട്ടിയപ്പോൾ അത് നന്നായി കളിച്ചാഘോഷിച്ചു.
കഴിഞ്ഞ മൂന്ന് ദിവസത്തിൽ ഒരിക്കൽ പോലും എട്ട് മണി കഴിയാതെ എഴുന്നേറ്റിട്ടില്ല. അതുകൊണ്ട് തന്നെ രാവിലെ അമ്മ വിളിച്ചപ്പോൾ നല്ല ദേഷ്യമാണ് തോന്നിയത്. ദേഷ്യമായിരുന്നോ എന്ന് ചോദിച്ചാൽ ദേഷ്യമായിരുന്നില്ല. സ്കൂളിൽ പോവാൻ ഉള്ള മടിയായിരുന്നു. അത് ദേഷ്യത്തിന്റെ കപട ഭാവത്തിൽ പുറത്ത് വന്നു എന്ന് മാത്രം.
അമ്മയോടായത് കൊണ്ട് കുഴപ്പമില്ല, അമ്മ തിരിച്ചൊന്നും പറയില്ല. അല്ലെങ്കിലും അമ്മയോടല്ലാതെ ആരോടാണ് ഇത്ര ധൈര്യത്തിൽ പറയാൻ പറ്റുക. അമ്മക്ക് പൊതുവെ ശാന്ത സ്വഭാവമാണ്. എങ്കിലും ഇടക്കൊക്കെ രൗദ്ര ഭാവത്തിൽ ഉറഞ്ഞ് തുള്ളും. 
അച്ഛൻ അധികമൊന്നും സംസാരിക്കാറില്ല. ഗൾഫിലാണ്, രണ്ടു ദിവസം മുന്നേ വന്നതേ ഉള്ളൂ. സംസാരം കുറവാണെങ്കിലും അച്ഛന് അപ്പുവിനോട് ഭയങ്കര സ്നേഹമാണ്. ഗൾഫിൽ പോയാലും എന്നും വീഡിയോ കോൾ ചെയ്യും. ഇപ്പോൾ വന്നപ്പോഴും കുറെ ചോക്ളേറ്റും, കളിപ്പാട്ടങ്ങളും ഉടുപ്പും ഒക്കെ കൊണ്ടാണ് വന്നത്.
അടുക്കളയിൽ നിന്നും അമ്മ വീണ്ടും വിളിച്ചു. ഇത്തവണ പക്ഷേ കുറച്ച് കടുപ്പിച്ച സ്വരത്തിലായിരുന്നു. 
"അപ്പു, നീ എഴുന്നേൽക്കുന്നില്ലെ?"
അതിനു മറുപടി പറഞ്ഞത് കോലായിൽ നിന്നും അച്ഛനാണ്.
" അവൻ വേണെ ലേശം കൂടെ ഉറങ്ങിക്കോട്ടെടോ"
അമ്മ അത് കേട്ട ഭാവം നടിച്ചില്ല. അതൊരു സൂചനയായിരുന്നു. ഇനിയും എഴുന്നേറ്റില്ലെങ്കിൽ ദേഷ്യപെടുമെന്ന സൂചന. അപ്പു പതിയെ പുതപ്പ് മാറ്റി കണ്ണ് തുറന്നു. ജനലിലൂടെ നോക്കിയപ്പോൾ അച്ഛൻ കോലായിൽ ഇരുന്നു പത്രം വായിക്കുന്നു. തണുപ്പ് മാറിയിട്ടില്ല. മുറ്റത്ത് നേർത്ത കോടയുണ്ട്. അമ്മ അച്ഛന് ചായ കൊണ്ട് കൊടുത്തു. 
ആവി പറക്കുന്ന ചായ, പിന്നാമ്പുറത്ത് കോടയുടെ നേർത്ത പാളി, അറബിക്കഥകളിൽ കേട്ട കുടത്തിൽ നിന്നും ഭൂതത്താൻ ഇറങ്ങി വരുന്നത് പോലുണ്ട്. രാവിലത്തെ കോടയിൽ മുറ്റത്ത് നിന്ന് ചായ കുടിച്ചാൽ വായിൽ കൂടെ പുക പോകും. സിഗരറ്റ് വലിക്കുന്നത് പോലെ ഉണ്ടാവും കാണാൻ.
അച്ഛൻ പത്രം നോക്കി അമ്മയോട് എന്തൊക്കെയോ പറയുന്നുണ്ട്. ചൈനയിൽ പുതിയൊരു അസുഖം വന്നിട്ടുണ്ട്. ഇവിടെ കേരളത്തിലും കുറെ പേർക്ക് വന്നിട്ടുണ്ടെനാണ് അച്ഛൻ പറയുന്നത്. അതിനു മരുന്നില്ല പോലും. അതെന്താ മരുന്നില്ലാത്തത്, എനിക്ക് പനിക്കുമ്പോൾ അമ്മ എപ്പോഴും പാരാസെറ്റാമോൾ എടുത്തു തരും. അമ്മ ഡോക്ടറൊന്നുമല്ല, പക്ഷേ അമ്മക്ക് മരുന്നിനെ കുറിച്ചറിയാം. എപ്പോഴും പനിക്കുമ്പോൾ പാരാസെറ്റാമോൾ എടുത്തു തരുന്നത് അമ്മയാണ്. 
അമ്മ വീണ്ടും വിളിച്ചു.
" അപ്പു, ഇനി ഞാൻ വടിയെടുക്കണോ?"
അമ്മ അടിക്കുകയൊന്നുമില്ല, പേടിപ്പിക്കുകയേ ഉള്ളു. പക്ഷേ ഇനിയും എഴുന്നേറ്റില്ലെങ്കിൽ കട്ടിലിൽ നിന്നും വലിച്ചെഴുന്നേല്പിക്കും. അപ്പു കട്ടിലിൽ നിന്നും സാവധാനം എഴുന്നേറ്റു കോലായിലേക് നടന്നു. വായിച്ചു കൊണ്ടിരിക്കുന്ന പത്രം മടക്കി വെച്ച് അച്ഛൻ ചോദിച്ചു
" എന്താ അപ്പുസെ, സ്കൂളിലോന്നും പൊണ്ടെ?"
ഉറക്കം പൂർണ്ണമായും വിട്ടുമാറിയിട്ടില്ല. അതുകൊണ്ട് തന്നെ അച്ഛന്റെ ചോദ്യത്തിന് ഒന്ന് മൂളാൻ മാത്രമേ അപ്പു കൂട്ടാക്കിയുള്ളു. 
പല്ല് തേക്കാൻ മുറ്റത്ത് വന്നു നിന്നപ്പോൾ അപ്പു ഒന്ന് ഊതി നോക്കി, വായിൽ നിന്നും പുക വരുന്നില്ല. അച്ഛനെ നോക്കി, അച്ഛൻ ഒരു സിഗരറ്റ് എടുത്തു കത്തിക്കുന്നുണ്ട്. അച്ഛന് വായിൽ കൂടെ പുക വിടാൻ കോടയൊന്നും വേണ്ട. സിഗരറ്റിനു അതിനേക്കാൾ നല്ല പുകയാണ്.
വലുതാവുമ്പോൾ തനിക്കും സിഗരറ്റ് വലിക്കണമെന്ന് അപ്പുവിന് തോന്നി. അച്ഛനെക്കാൾ നന്നായി വലിക്കണം. പക്ഷേ സിഗരറ്റ് വലിച്ചു കഴിഞ്ഞാൽ അച്ഛന്റെ അടുത്ത് നിന്നും ഒരു ദുഷിച്ച നാറ്റം ഉണ്ടാവും. ചെറിയ കുട്ടികൾ അത് വലിക്കാൻ പാടില്ല പോലും. ഇന്നലെ അച്ഛന്റെ സിഗരറ്റ് പാക്ക് കോലായിൽ കണ്ടപ്പോൾ അച്ഛൻ വെക്കുന്നത് പോലെ എടുത്തു ചുണ്ടത്ത് വെച്ചു. അത് അമ്മ കണ്ടു, നല്ല അടിയും കിട്ടി. അച്ഛനാണ് വന്നു സമാധാനിപ്പിച്ചത്. ചെറിയ കുട്ടികൾ അത് തൊടാൻ പാടില്ല പോലും. അച്ഛൻ അപ്പുവിനൊരു  ചോക്ലേറ്റ് കൊടുത്തു. കൈപ്പത്തിയോളം  വലുപ്പമുള്ള ഒരു ചോക്ലേറ്റ്. അന്ന് അച്ഛനും അമ്മയും നല്ല അടിയായിരുന്നു. എന്തിനാണെന്ന് ഇപ്പോഴും അറിയില്ല. പക്ഷേ സിഗരറ്റിനെ ചൊല്ലിയാണെന്ന്  മാത്രം അറിയാം. അമ്മക്ക് അച്ഛൻ വലിക്കുന്നത് ഒട്ടും ഇഷ്ടമല്ല.
കുളിച്ചു വന്നപ്പോഴത്തേക്ക് അമ്മ ചായ എടുത്തു വെച്ചിരുന്നു, ഇഡലിയാണു. എന്നും ദോശയാണ് ഉണ്ടാവാറ്. ഇതിപ്പോ അച്ഛൻ വന്നത് കൊണ്ടാണെന്ന് തോന്നുന്നു. ഇന്നലെ വെള്ളപ്പമായിരുന്നു.  അച്ഛൻ വന്നതിൽ പിന്നെ ഭക്ഷണത്തിന് എപ്പോഴും ഒരു പുതുമയുണ്ട്. അച്ഛൻ ഇവിടെത്തന്നെ ഉണ്ടായിരുന്നെങ്കിൽ എന്നും ദോശ തന്നെ തിന്നേണ്ടി വരില്ലായിരുന്നു. അച്ഛന് ഒരു മാസമേ ലീവ് ഉള്ളൂ എന്നാണ് പറഞ്ഞത്.
സ്കൂളിലേക്ക് ഇറങ്ങാൻ നേരത്ത് അച്ഛൻ അടുത്തേയ്ക്ക് വിളിച്ചു. സിഗരറ്റിന്റെ നാറ്റം പോയിട്ടില്ല. അച്ഛൻ കവിളിൽ ഒരുമ്മ തന്നപ്പോൾ സിഗരറ്റിന്റെ രൂക്ഷ ഗന്ധം മൂക്കിൽ തുളഞ്ഞു കയറി.
"നല്ല കുട്ടിയായി സ്കൂളിൽ പോയി വാ. വൈകിട്ട് നമുക്കൊരു സിനിമക്ക് പോവാം."
സിനിമക്ക് കൊണ്ട് പോവുമെന്ന് കേട്ടപ്പോൾ അപ്പുവിന് സന്തോഷമായി. അപ്പു തിരിച്ചും ഒരുമ്മ കൊടുത്തു, സിഗരറ്റിന്റെ തീക്ഷ്ണ ഗന്ധം കൂടുതൽ രൂക്ഷമായി മൂക്കിൽ കയറി. അത് അപ്പുവിനെ ലേശം അസ്വസ്ഥനാക്കി. സാരമില്ല വൈകിട്ട് സിനിമക്ക് പോവലോ. 
അപ്പു തീയേറ്ററിൽ സിനിമക്ക് പോയിട്ട് കുറച്ചായി. അച്ഛന്റെ കഴിഞ്ഞ വരവിന് പോയതാണ്. അച്ഛൻ വന്നാൽ മാത്രമേ ഇങ്ങനെ പുറത്തൊക്കെ പോവുള്ളു. അമ്മ സിനിമക്കൊന്നും കൊണ്ടുപോവില്ല. അമ്മക് സിനിമ ഇഷ്ടമല്ല, സീരിയലാണ് ഇഷ്ടം. രാത്രിയായിക്കഴിഞ്ഞാൽ പിന്നെ അമ്മയെ ഒന്ന് മിണ്ടാൻ പോലും കിട്ടില്ല. ആ സമയത്ത് എന്തെങ്കിലും ചോദിച്ചാൽ ചിലപ്പോൾ നല്ല ചീത്തയും കിട്ടും.
സീരിയൽ തുടങ്ങിയാൽ അമ്മയറിയാതെ അപ്പു ഫോണെടുത്തു കളിക്കും. അതിൽ പബ്ജി  ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.  അമ്മ സീരിയൽ കാണുന്ന അത്രയും നേരം അപ്പു പബ്ജി കളിക്കും.
സ്കൂൾ ബസ് വന്നു. അച്ഛനോടും അമ്മയോടും റ്റാറ്റ പറഞ്ഞു അപ്പു ബസ്സിലേക്ക് കയറി. ഏറെ ഉൽസാഹത്തോടെയാണ്  ബസ്സിൽ കയറിയത്. അച്ഛൻ വന്നിട്ടുള്ള ആദ്യത്തെ സ്കൂൾ ദിവസമാണ്. ഒരല്പം ഗമയാവാം. ബസ്സിൽ കയറി വിശാലിനടുത്ത് ഇരുന്നപ്പൊഴും അപ്പു ആ ഗമ വിട്ടില്ല. വിശാലിന്റെ അച്ഛനും ഗൾഫിലാണ്, പക്ഷേ ഇടക്കിടക്ക് ലീവിന് വരും. തന്റെ അച്ഛൻ മാത്രം മൂന്നോ നാലോ വർഷം കൂടുമ്പോൾ മാത്രമേ വരുള്ളു. അതും രണ്ടു മാസം നിന്നിട്ട് പോവും. ഇത്തവണ ഒരു മാസമേ ഉള്ളൂ.
വിശാലിന്റെ അച്ഛൻ നാട്ടിൽ വന്നാൽ അപ്പുവിനും ചോക്ലേറ്റ് കിട്ടാറുണ്ട്. പക്ഷേ അപ്പുവിന്റെ അച്ഛൻ വന്നപ്പോൾ അത്ര അധികം ചോക്ലേറ്റൊന്നും  കൊണ്ടുവന്നില്ല. വളരെ കുറച്ച് മാത്രം, അതാണെങ്കിൽ ഏതാണ്ട് തീർന്നു. അപ്പു ഏറെ ആവേശത്തോടെ വിശലിനോട് സിനിമക്ക് പോകുന്ന കാര്യം പറഞ്ഞു. വിശാൽ അതത്ര കാര്യമാക്കിയില്ല. അവൻ എല്ലാ മാസവും സിനിമക്ക് പോകാറുണ്ടത്രേ. കണ്ട സിനിമകളുടെ കഥയും പറഞ്ഞു തരും. സിനിമയിൽ മഴ പെയ്യുമ്പോൾ നമ്മൾ മഴയത്ത് ഇറങ്ങി നിൽക്കുന്ന പോലെ തോന്നുമത്രെ.
"ഹാ... ഇന്നത് നേരിട്ടറിയാമല്ലോ."
അപ്പു സിനിമകളെ കുറിച്ചുള്ള സ്വപ്നത്തിൽ മുഴുകിയിരുന്നു. വഴിയിൽ കണ്ട സിനിമ പോസ്റ്ററുകൾ നോക്കി, മമ്മൂട്ടിയുടെ പോസ്റ്റർ, പൃഥ്വിരാജിന്റെ പോസ്റ്റർ, എല്ലാമുണ്ട്. ഇതിൽ ഏതായിരിക്കും ഇന്ന് കാണുന്നത്? അറിയില്ല, അച്ഛനോട്  ചോദിക്കാമായിരുന്നു.  
ഓരോന്ന് ചിന്തിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ബസ് സ്കൂൾ മുറ്റത്തെത്തി. സിനിമക്ക് പോകുന്നതിന്റെ ആവേശമൊക്കെ ഉള്ളിലുണ്ടെങ്കിലും സ്കൂൾ മുറ്റത്ത് കാലു കുത്തിയപ്പോൾ അപ്പുവിന്റെ നെഞ്ചിടിപ്പ് കൂടി. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞുള്ള ഉത്തരക്കടലാസ് എല്ലാമൊന്നും കിട്ടിയിട്ടില്ല. കിട്ടിയതോക്കെ തട്ടി മുട്ടി പാസ്സായിട്ടുണ്ട്. തോറ്റിട്ടുണ്ടെങ്കിൽ അമ്മ നല്ല അടി തരും. മുറ്റത്തെ പേര മരത്തിലെ കമ്പ് പോട്ടിച്ചടിക്കും. കുറച്ച് ദിവസത്തേക്ക് തുടയിൽ അടി കൊണ്ട് കല്ലിച്ച പാടുണ്ടാവും. കഴിഞ്ഞ കൊല്ലം ഓണപ്പരീക്ഷക്ക് തോറ്റപ്പോൾ ഇതുപോലെ കിട്ടിയതാണ്. മൂന്ന് ദിവസം കഴിഞ്ഞാണ് അടികൊണ്ട പാട് മാറിയത്. തോറ്റാൽ ഇനിയും കിട്ടും.
ക്ലാസ്സിലേക്ക് കയറിയപ്പോൾ ആരൊക്കെയോ പറയുന്നത് കേട്ടു, കണക്ക് പേപ്പർ ഇന്ന് കിട്ടുമെന്ന്. ആദ്യത്തെ പിരിയഡ് തന്നെ കണക്കാണ്. അത് കേട്ടപ്പോൾ അപ്പു സിനിമയെ കുറിച്ചെല്ലാം മറന്നു. കണക്ക് പരീക്ഷ കുറച്ച് പാടായിരുന്നു. കുറെ കഷ്ടപ്പെട്ടാണ് ചോദ്യങ്ങളെല്ലാം പകർത്തിയെഴുതിയത് തന്നെ. കണക്കിനെ കുറിച്ച് ആവലാതിപ്പെട്ടിരിക്കുമ്പോൾ ദിവ്യ വന്നു ചോദിച്ചു

"ടാ, അച്ഛൻ വന്നിട്ട് ഞങ്ങക്കൊന്നുയില്ലെ?"
അപ്പു അത് തീരെ പ്രതീക്ഷിച്ചിരുന്നില്ല. എന്ത് പറയണമെന്നറിയാതെ കുഴങ്ങി. ദിവ്യ ചിലപ്പോൾ ഉച്ചക്ക് അവളുടെ പൊരിച്ച മീനിന്റെ പകുത്തിയൊക്കെ തരാറുണ്ട്. അച്ഛനോട് പറഞ്ഞു നാളെ എടുക്കാം. പക്ഷേ ആരും കാണാതെ കൊടുക്കാനാണ് പാട്. 
" മറന്നു പോയി, നാളെ തരാം." അപ്പു പറഞ്ഞു.
കണക്ക് ടീച്ചർ ക്ലാസ്സിലേക്ക് വന്നു. എല്ലാവരുടെയും മുഖം മങ്ങി. ഭയത്തിന്റെയും ആകാംക്ഷയുടെയും ഒരു സമന്വിത ഭാവം എല്ലാവരുടെയും കണ്ണുകളിൽ തെളിഞ്ഞു. അറ്റെണ്ടെൺസ് എടുത്ത ശേഷം ടീച്ചർ വിളിച്ചു "അഭിജിത്" 
തന്റെ പേര് അഭിജിത് എന്നാണെന്ന് പരീക്ഷ പേപ്പർ കിട്ടുമ്പോൾ മാത്രമാണ് ഓർക്കുന്നത്. വീട്ടിലും ക്ലാസ്സിലും എല്ലാം അപ്പു എന്ന് മാത്രമാണ് വിളിക്കുന്നത്. എന്തിനേറെ പറയുന്നു, ടീച്ചർമാർ പോലും അപ്പു എന്ന് മാത്രമേ വിളിക്കു. 
ടീച്ചർ വിളിച്ചപ്പോൾ അപ്പു മടിച്ചു മടിച്ചു ചെന്നു. ടീച്ചർ കൈ നീട്ടാൻ പറഞ്ഞു, കൈ നീട്ടി, ഒരടി തന്നു കൊണ്ട് പേടിപ്പിക്കുന്ന ഒരു നോട്ടത്തോടെ ടീച്ചർ ഉത്തരക്കടലാസ് തന്നു. തോറ്റു!
ഇന്ന് വീട്ടിൽ പോയാൽ അമ്മയുടെ വകയും നല്ല അടി കിട്ടും. അമ്മ സിനിമക്ക് പോകാൻ വിടാതിരിക്കുമോ എന്ന് അപ്പു പേടിച്ചു. ഉത്തരക്കാലാസു കണ്ടാൽ എന്തായാലും വിടില്ല. ഉത്തരക്കടലാസ് അമ്മയെ കാണിക്കണ്ട. സിനിമ കണ്ട് വന്നിട്ട് അച്ഛനോട് പറയാം. അച്ഛനാവുമ്പോൾ അടിക്കില്ല. ക്ലാസ്സിലെ കുറെ പേർ തോറ്റിട്ടുണ്ടെന്ന് കണ്ടപ്പോൾ അപ്പുവിന് ആശ്വാസമായി. 
ഉത്തരക്കടലാസ് തന്നു കൊണ്ടിരിക്കുന്നതിനിടയിൽ പ്യൂൺ ചന്ദ്രേട്ടൻ ക്ലാസ്സിലേക്ക് കയറി വന്നു. ടീച്ചറോട് എന്തോ സ്വകാര്യം പറഞ്ഞു. 
"അപ്പു" ടീച്ചർ വിളിച്ചു. അപ്പു നോക്കി. ടീച്ചറുടെ മുഖത്ത് ഒരു ദൈന്യത നിറഞ്ഞു നിന്നു. ഉത്തരക്കടലാസ് തന്നപ്പോൾ ഉള്ള കാർക്കശ്യ ഭാവമൊന്നും ഇപ്പൊളില്ല. അപ്പു അടുത്തേയ്ക്ക് ചെന്നു. 
"അപ്പു ഇവരുടെ കൂടെ പോക്കോ" ടീച്ചർ പറഞ്ഞു.
പുറത്ത് ചന്ദ്രേട്ടനു പിറകിലായി അന്യഗ്രഹ ജീവികളെ പോലെ രണ്ടു പേർ. ശരീരം മുഴുവൻ മറക്കുന്ന എന്തോ ഒരു തരം ഉടുപ്പിട്ടിരിക്കുന്നു. കാലിന്റെ പെരുവിരൽ മുതൽ തല വരെ മൂടിയിരിക്കുന്നു. മുഖത്ത് മറ്റൊരാവരണം. വലിയ കണ്ണടകൾ കൊണ്ട് കണ്ണ് മുഴുക്കെ മറച്ചിരിക്കുന്നു. അങ്ങനൊരു കാഴ്ച അപ്പു ആദ്യമായിട്ടായിരുന്നു കാണുന്നത്. 
കുട്ടികളെ പിടിക്കാൻ വന്ന അന്യഗ്രഹ ജീവികളുടെ കഥ വിശാൽ പറഞ്ഞത് അപ്പുവിന് ഓർമ വന്നു. അപ്പു ഒരടി പിന്നോട്ട് വച്ചു. അത് കണ്ട് ടീച്ചറും ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് പിന്നോട്ട് മാറി. അപ്പുവിന് ഒന്നും മനസിലായില്ല. 
ഉടുപ്പിട്ടവർ  വന്നു അപ്പുവിന്റെ രണ്ടു കൈക്കും പിടിച്ചു. അപ്പു കുതറിയോടാൻ നോക്കി. അവർ വിട്ടില്ല. കൈക്ക് ഒന്നുടെ മുറുക്കി പിടിച്ചു. അവരുടെ ബലിഷ്ഠമായ കൈകളിൽ അപ്പുവിന്റെ ലോലമായ കൈത്തണ്ട ഞെരിഞ്ഞമർന്നു. അവനു കൈ വേദനിക്കൻ തുടങ്ങി. അവൻ കരഞ്ഞു കൊണ്ട് ടീച്ചറെ നോക്കി. അതിദയനീയ ഭാവത്തോടെ ടീച്ചർ അവനെ നോക്കി നിന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ക്ലാസ്സിലെ കുട്ടികളെല്ലാം സ്തബ്ധരായി നിൽക്കുകയാണ്. അവർ അപ്പുവിനെ വരാന്തയിലൂടെ വലിച്ചു കൊണ്ട് പോകുന്നതിനിടയിൽ സ്പീക്കറിൽ ഹെഡ്‌മാസ്റ്ററുടെ അനാൺസ്മെന്റ് മുഴങ്ങി. 
"നമ്മുടെ വിദ്യാലയത്തിലെ ഒരു കുട്ടി കോവിഡ് സമ്പർക്കപട്ടികയിൽ ഉൾപെട്ടത്തിനാൽ ഇനിയോരറിയിപ്പു ഉണ്ടാവുന്നത് വരെ വിദ്യാലയത്തിന് അവധിയായിരിക്കും. കുട്ടികൾ എല്ലാവരും തന്നെ പുറത്തിറങ്ങാതെ വീട്ടിൽ തന്നെ ഇരിക്കണമെന്ന് അറിയിക്കുന്നു."
വരാന്തയിലൂടെ കൊണ്ടുപോകുമ്പോൾ ചുറ്റിലും ഒരായിരം ദൃഷ്ടികൾ അപ്പുവിന്റെ മേൽ ചുഴിഞ്ഞിറങ്ങി. അവയിൽ എല്ലാ ഭാവങ്ങളും പ്രതിഫലിക്കുന്നുണ്ടായിരുന്നു. ദയനീയ ഭാവമുള്ള കണ്ണുകൾ, ഭയപ്പാടോടെ നോക്കുന്ന കണ്ണുകൾ, ആകാംക്ഷ നിറഞ്ഞ കണ്ണുകൾ, എല്ലാമുണ്ടയിരുന്നു. കണക്ക് ടീച്ചറുടെ കണ്ണിൽ മാത്രമാണ് കലങ്ങിയോഴുകുന്ന കണ്ണുനീർ കണ്ടത്.
സ്കൂൾ മുറ്റത്ത് നിർത്തിയിട്ട ആംബുലൻസിലേക്ക് കയറിയപ്പോൾ അപ്പുവിൽ വല്ലാത്തൊരു ഏകാന്തത പടർന്നു കയറി. ആംബുലൻസിൽ , കത്തിയെരിഞ്ഞ സിഗരറ്റിന്റെ രൂക്ഷമായ ഗന്ധം അപ്പു തിരിച്ചറിഞ്ഞു. പക്ഷേ അതവനെ അസ്വസ്ഥനാക്കിയില്ല. കാതു തുളച്ചു കയറുന്ന ശബ്ദത്തിന്റെ അകമ്പടിയിൽ ആംബുലൻസ് കുതിച്ചു പാഞ്ഞു. വീടിന്റെ മുന്നിൽ വന്നു നിർത്തിയപ്പോൾ അമ്മ കോലായിൽ ഇരുന്നു കരയുകയായിരുന്നു. ഒന്നും മിണ്ടാതെ അമ്മ ആംബുലൻസിൽ കയറിയിരുന്നു. അമ്മ അവനെ കെട്ടിപ്പിടിച്ചു. അമ്മയുടെ കണ്ണുനീർ അവന്റെ നെറ്റിയിൽ വീണപ്പോൾ അതിനീ ഭൂമിയെ എരിച്ചു കളയാനുള്ള ചൂടുണ്ടയിരുന്നു.
"അമ്മേ, അച്ഛനെവിടെ?"
ഒന്നുകൂടെ മുറുക്കിപിടിച്ച് കൊണ്ടായിരുന്നു അമ്മ അ ചോദ്യത്തോട് പ്രതികരിച്ചത്. 
"ഈ നശിച്ച വലി നിർത്താൻ എപ്പോഴും പറയുന്നതാ"
ആരോടെന്നില്ലാതെ ആത്മഗതം പറയുമ്പോൾ അമ്മയുടെ കണ്ണുനീരിന് ചൂട് കൂടിവരുന്നതായി അപ്പുവിന് തോന്നി. എന്തിനാണെന്നറിയാതെ അവന്റെ കണ്ണും നിറഞ്ഞു. 
ആംബുലൻസ് വീണ്ടും സൈറൺ മുഴക്കികൊണ്ട് കുതിച്ചു പാഞ്ഞു. സിഗരറ്റിന്റെ ഗന്ധം അപ്പോഴും അപ്പുവിന്റെ ഉള്ളിൽ തുളഞ്ഞു കയറി. പക്ഷേ ഇത്തവണ അതവനെ അസ്വസ്ഥനാക്കിയിരുന്നു.

Comments